ശബരിമല: ഓണം പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.

ഉത്രാട ദിനത്തിൽ രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിൽ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തിരുവോണസ്സദ്യ ദേവസ്വംബോർഡ് നേരിട്ട് നടത്തുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്.

വഴിപാടുകളുടെയും ദാനങ്ങളുടെയും പേരിൽ നടക്കുന്ന പണപ്പിരിവുകൾ തടയുകയെന്ന ലക്ഷ്യമാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താനുള്ള തീരുമാനത്തിനുപിന്നിൽ. മുൻ വർഷങ്ങളിൽ ഉത്രാടം, ചതയം നാളുകളിലും സദ്യയുണ്ടായിരുന്നു. നാളെ രാവിലെ രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറക്കും. 6:30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നടക്കും.
