200 കുടുംബങ്ങൾക്ക് സ്നേഹക്കിറ്റ് സമ്മാനിച്ച് ആർദ്ര ചാരിറ്റബിൾ സൊസൈറ്റി, ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം: കാതോലിക്കാ ബാവാ.


കോട്ടയം: മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

 

 നാം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുമ്പോൾ അയൽവാസി പട്ടിണി കിടന്നാൽ ഒരുമയുടെ ഉത്സവം പൂർണമാകില്ലെന്നും ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാധ്യക്ഷൻ.

 

 എല്ലാമാസവും അർഹരായ 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്ന ആർദ്രയുടെ ഇത്തവണത്തെ കിറ്റിൽ ഓണവിഭവങ്ങൾക്കാണ് പ്രധാന്യം. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാ.കെ.വൈ.വിൽസൺ, ആർദ്ര ആക്ടിം​ഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ, ട്രഷറാർ റോയ് തോമസ് എന്നിവർ സംസാരിച്ചു. ഐ.സി.തമ്പാൻ, ഷാജി വർ​ഗീസ്, സിബി.കെ.വർക്കി, വൽസാ ജോർജ്, സാബു ജേക്കബ് ഫിലിപ്പ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.