ശബരിമല ചിങ്ങമാസ-ഓണം പൂജ, ഭക്തർക്കായി വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആർടിസി.


കോട്ടയം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് ഭക്തരുടെ യാത്ര സുഗമമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

 ആഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി,  പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേക്കുള്ള സർവീസുകൾ ലഭ്യമാകും.

 

 ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തർക്ക് തിരക്കിനനുസരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ–പമ്പ റൂട്ടിൽ ഏത് സമയത്തും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും ആവശ്യാനുസരണം സർവീസുകൾ ഉണ്ടായിരിക്കും. ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം അടുത്തുള്ള കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.