രാഷ്ട്രീയ നാടകങ്ങൾക്കൊരുങ്ങി പാലാ നഗരസഭ! അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍; പാലാ സാക്ഷ്യം വഹിക്കുന്നത് വിചിത്രമാ


പാലാ: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോൾ രാഷ്ട്രീയ നാടകങ്ങൾക്ക് വീണ്ടും സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് പാലായും നഗരസഭയും. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.

 

 കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി റിയ ചീരാന്‍കുഴിയും സിപിഎം, മാണി ഗ്രൂപ്പ്, വിമത കോണ്‍ഗ്രസ് വിഭാഗത്തിന്‌റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസുകാരിയായ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലുമാണ് മത്സര രംഗത്തുള്ളത്. മായാ രാഹുല്‍ കോണ്‍ഗ്രസ് വിമതയായിട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീട് പാർട്ടി ഇവരെ തിരിച്ചെടുത്തു. മുന്‍ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കുന്നതില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു.

 

 നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വിമതരായ നാല് കൗണ്‍സിലര്‍മാര്‍ക്കും നിര്‍ണായകമാണ്. നിലവില്‍ ഇവര്‍ മായാ രാഹുലിനൊപ്പം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണെങ്കിലും കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹക്കാരാണ്. കഴിഞ്ഞതവണ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന്റെ പേരിലാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാൽ ഇവർക്കെതിരെ പാർട്ടി മറ്റു നടപടികളൊന്നും എടുത്തിട്ടില്ല. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ഇവര്‍ വോട്ട് ചെയ്യുമോ എന്നാണ് അറിയാനുള്ളത്. എതിര്‍ത്ത് വോട്ടു ചെയ്താല്‍ ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധനനിയമം കൂടുതല്‍ ശക്തമാകും. എന്നാല്‍ നിലവില്‍ പുറത്താക്കപ്പെട്ട ഈ അംഗങ്ങള്‍ക്ക് വിപ്പു നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. എന്തായാലും നാളെ നടക്കുന്ന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പല നാടകീയതകളും ഒളിഞ്ഞിരിപ്പുണ്ട്.