ഓണമെത്തി, ഏത്തക്കായയ്ക്കും ഉപ്പേരിക്കും വില ഉയർന്നു, ഇത്തവണ ഉപ്പേരി വില പൊള്ളും.


കോട്ടയം: വെളിച്ചെണ്ണ വില കൂടിയതും ഏത്തക്കായ വില ഉയർന്നതും ഓണവിപണിയിൽ ഉപ്പേരി വില പൊള്ളും. കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും ഏത്തവാഴകൾ നശിച്ചതോടെ വിപണിയിലേക്കുള്ള നാടൻ ഏത്തക്കായകളുടെ വരവ് കുറഞ്ഞതോടെ ഏത്തയ്ക്കായ വില ഉയർന്നു.

 

 80 മുതൽ 100 രൂപ വരെ വിലയാണ് ഇപ്പോൾ വിപണയിൽ. തമിഴ്‌നാട്ടിൽ നിന്നും ഏത്തക്കായകളുടെ വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായിട്ടുണ്ട്. വെളിച്ചെണ്ണയ്ക്കും വില വർധിച്ചതോടെ ഉപ്പേരി വിലയും ഉയർന്നിരിക്കുകയാണ്. വെളിച്ചെണ്ണയിൽ വറത്ത നടൻ ഏത്തയ്ക്ക ഉപ്പേരിക്ക് കിലോ 550 രൂപ വരെയാണ് നിലവിലെ വില.

 

 കനത്ത മഴയും വെള്ളക്കെട്ടും മൂലം നിരവധി സ്ഥലങ്ങളിലെ ഏത്തവാഴ കൃഷികളാണ് നശിച്ചത്. വെളിച്ചെണ്ണയുടെ വില ലിറ്ററിന് 460 കടന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ ഇതിനോടകംതന്നെ ഉപ്പേരി കടകൾ ആരംഭിച്ചു കഴിഞ്ഞു. വിവിധയിടങ്ങളിൽ ബേക്കറികളിലും കേറ്ററിംഗ് യൂണിറ്റുകളും ഓണസദ്യയ്ക്ക് ഓർഡർ സ്വീകരിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ പായസമേളകളും സജീവമാകും. അതിതീവ്ര മഴയിൽ കൃഷി വകുപ്പിന്റെ കണക്കനുസരിച്ച്‌ മാത്രം കോട്ടയം ജില്ലയിൽ 125 ഏക്കർ സ്ഥലത്തെ ഏത്തവാഴകൃഷി നശിച്ചിരുന്നു.