കോട്ടയം: അതിതീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
