ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു......


 

 ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം-ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ്‌പ്. 'പ്ലാസ്റ്റിക് സർജറി' എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് സൗന്ദര്യവർധക ശസ്ത്രക്രിയകളാണ്. എന്നാൽ അത് മാത്രമല്ല, മനുഷ്യജീവിതത്തെ തന്നെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുന്ന വിപുലമായ ഒരു ശസ്ത്രക്രിയാ ശാഖയാണ് ഇത്. 'പ്ലാസ്റ്റിക്' എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ "Plastikos" എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്. അതിന്റെ അർത്ഥം "രൂപം നൽകുക" എന്നതാണ്. അതായത് അപകടങ്ങളിലൂടെയോ ജന്മനാ ഉള്ള വൈകല്യങ്ങളിലൂടെയോ രൂപം നഷ്‌ടപ്പെട്ട ശരീരാവയങ്ങളെ അതിൻ്റെ ആകൃതി മാത്രമല്ല പ്രവർത്തനവും പുനർ നിർമിച്ച് ആ വ്യക്തിക്ക് ആത്മവിശ്വാസവും പുതിയൊരു ജീവിതവും നൽകുന്ന ഒരു ശസ്ത്രക്രയാ ശാഖയാണ് പ്ലാസ്റ്റിക് സർജറി.ഇതിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ ശസ്ത്രക്രിയയുടെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. ക്രിസ്‌തുവിന് മുൻപ് 800-600 കാലഘട്ടത്തിൽ രചിക്കപ്പെട്ട സുശ്രുതസംഹിതയിൽ മൂക്കും ചെവിയും പുനർനിർമിക്കുന്ന ശസ്ത്രക്രിയകളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ കാണാം. അന്നത്തെ സമൂഹത്തിൽ മുക്കോ ചെവിയോ മുറിച്ചുമാറ്റുന്നത് ഒരു പ്രാകൃത ശിക്ഷാരീതിയായിരുന്നു. അതിലൂടെ ഉണ്ടാകുന്ന അപമാനം മറികടക്കാൻ നഷ്‌ടപ്പെട്ട അവയവങ്ങൾ പുനർനിർമിക്കുന്ന ശസ്ത്രക്രിയകൾ സഹായിച്ചിരുന്നു. ലോക മഹായുദ്ധ കാലത്താണ് "മോഡേൺ പ്ലാസ്റ്റിക് സർജറി "ഉടലെടുത്തത്. പ്ലാസ്റ്റിക് സർജറി എന്നത് മുറിപ്പാടില്ലാത്ത ശസ്ത്രക്രിയ എന്നല്ല, മറിച്ച് വർഷങ്ങളായുള്ള അനുഭവസമ്പത്തിൻ്റെ വെളിച്ചത്തിൽ നേർത്ത തുന്നലുകളും സൂഷ്‌മതയും ഉപയോഗിച്ച് മുറിപ്പാടുകൾ പരമാവധി കുറയ്ക്കുകയോ സ്വഭാവികമായ ചുളിവുകളിലേക്ക് മറക്കുകയോ ആണ് ഒരു പ്ലാസ്റ്റിക് സർജൻ ചെയ്യുന്നത്. പ്ലാസ്റ്റിക് സർജറി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് സൗന്ദര്യ വർധക ശസ്ത്രക്രിയകൾ ആണ്. പക്ഷേ ഇത് പ്ലാസ്റ്റിക് സർജറിയുടെ ഒരു ഉപവിഭാഗം മാത്രമാണ്. ഗുരുതര അപകടങ്ങൾ, കാൻസർ ശസ്ത്രക്രിയകൾ, മുച്ചുണ്ട് പോലുള്ള ജനിതക വൈകല്യങ്ങൾ എന്നിവ മൂലം രൂപഭംഗം നഷ്‌ടപ്പെട്ടവർക്ക് വീണ്ടും ആത്മവിശ്വാസത്തോടെയും മാന്യതയോടെയും ജീവിക്കാൻ സഹായിക്കുന്ന പ്ലാസ്റ്റിക് സർജറിയെ റിക്കൻസ്ട്രക്ഷൻ സർജറി എന്ന് വിളിക്കുന്നു. തീപ്പൊള്ളൽ ചികിത്സിക്കാനും പൊള്ളൽ മൂലമുണ്ടാകുന്ന വടുക്കളും കലകളും മാറ്റി പൊള്ളൽ കാരണം ചലനശേഷി നഷ്‌ടപ്പെട്ട ഭാഗങ്ങളെ പ്രവർത്തനക്ഷമമാക്കുവാനും അങ്ങനെ ആ രോഗിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നതിനും പ്ലാസ്റ്റിക് സർജന്മാർ പ്രാധാന്യം കൊടുക്കുന്നു. മുടികൊഴിച്ചിൽ, വളഞ്ഞ മൂക്ക്, അമിതമായി തൂങ്ങിയ വയർ, പുരുഷന്മാരിലെ സ്ത‌നവളർച്ച (Gynecomastia) മാറിൻ്റെ അമിത വലിപ്പം തുടങ്ങിയ വ്യക്തിയെ മാനസികമായി ബാധിക്കുന്ന പ്രശ്നങ്ങൾ ശസ്ത്രക്രിയ വഴി പരിഹരിച്ച് ഓരോരുത്തർക്കും അവരുടെ ഏറ്റവും മികച്ച രൂപവും ആത്മവിശ്വാസവും കൈവരിക്കാൻ കോസ്മെറ്റിക് പ്ലാസ്റ്റിക് സർജറി സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സർജറി രൂപം മാറ്റുന്നതിലുപരി ഒരാളുടെ ജീവിതം തന്നെ മാറ്റുന്ന ചികിത്സയായി മാറുന്നു. റോഡ് അപകടങ്ങളിലോ മറ്റു അത്യാഹിതങ്ങളിലോ സാരമായി പരിക്കേറ്റ രോഗികൾക്ക് പ്ലാസ്റ്റിക് സർജറി വേണ്ടി വരാറുണ്ട്. അത് ഒരുപക്ഷേ പൊട്ടിയ എല്ലുകൾ മൂടാൻ ആയിരിക്കാം അല്ലെങ്കിൽ നഷ്‌ടപ്പെട്ട മാംസം പുനഃസൃഷ്ടിക്കാനായിരിക്കാം. നിങ്ങളുടെ വിരലോ ചെവിയോ മറ്റു അവയവങ്ങളോ അറ്റ് പോയാൽ അത് തിരികെ പിടിപ്പിക്കാൻ ഒരു പ്ലാസ്റ്റിക് സർജൻ നിങ്ങളെ സഹായിക്കും. ഞരമ്പുകൾ രക്തക്കുഴലുകൾ എന്നിവ തുന്നിച്ചേർക്കാൻ ഉള്ള മൈക്രോസർജറിയിൽ ഞങ്ങൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ട്. പ്ലാസ്റ്റിക് സർജറി എന്നത് എല്ലാവർക്കും അപ്രാപ്യമായ ഒരു ചെലവേറിയ ചികിത്സയല്ല; മിക്ക ശസ്ത്രക്രിയകളും സാധാരണ നിരക്കിൽ ലഭ്യമാണ്." ദൈർഘ്യമേറിയതും ഇംപ്ലാൻ്റുകളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയുള്ള ചില ശസ്ത്രക്രിയകൾ ചിലവേറിയതാകാം ആധുനിക കാലത്ത് ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ എന്നല്ല മറിച്ച് ശാരീരികവും മാനസികവുമായ സുസ്ഥിതി എന്നാണ്. പണ്ട് പ്ലാസ്റ്റിക് സർജറി എന്നത് പലപ്പോഴും ഒളിച്ചുവെക്കേണ്ട ഒന്നായാണ് ആളുകൾ കരുതിയിരുന്നത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ പലരും തങ്ങളുടെ ആരോഗ്യവും ശരീരഭംഗിയും നിലനിർത്താൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിക്കുന്നില്ല. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ (Weight reduction drugs) ഉപയോഗിച്ച് പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ, ശരീരത്തിലെ ചർമ്മത്തിന് അയവ് വരികയും ആകൃതി നഷ്‌ടപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ, ഒരു വ്യക്തിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ശരീരത്തിന് മുൻപുണ്ടായിരുന്ന ആകൃതിയും ഭംഗിയും തിരികെ നൽകാനും പ്ലാസ്റ്റിക് സർജറിക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കും.