ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക്.


വാഗമൺ: വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.

 

 തമിഴ്‌നാട് സേലം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കൂവലേറ്റം-കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപമാണ് അപകടം നടന്നത്.  ജീപ്പ് ഡ്രൈവർ ചോറ്റുപാറ സ്വദേശി രാജേഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ രാജേഷ്, തമിഴ്‌നാട് സ്വദേശികളായ ഗോപിനാഥ് (44), നിഷാന്ത് (24), സെന്തിൽ കുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നു പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.