കോട്ടയം: കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ ആണെന്നും ഭീമമായ വരുമാന നഷ്ടമാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക് നടത്തും. ബുധനാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ച് ജില്ലാ കലക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു. 20 മുതൽ 26 വരെ സെക്രട്ടറിയറ്റ് നടയിൽ ബസുടമകളും ജീവനക്കാരും ധർണ നടത്തും. ഇതിന് മുന്നോടിയായാണ് പണിമുടക്കും കലക്‌ടറേറ്റ് മാർച്ചും. ഇടുക്കി, ആലപ്പുഴ ജില്ലകളിലും പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും.
