പ്രിയദർശിനിയിൽ പ്രതിസന്ധിയിലായി; പ്രതിദിനം നഷ്ടം 5000 രൂപ വരെ! തകർച്ചയുടെ വക്കിൽ സ്വകാര്യ ബസ്സ് മേഖല.


കോട്ടയം: യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ വനിതാ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയപ്പോൾ പ്രതിസന്ധിയിലായത് സ്വകാര്യ ബസ്സ് മേഖലയാണ്. സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്ത്രീ യാത്രക്കാർ കൂടുതലും ഇപ്പോൾ കെഎസ്ആർടിസി യുടെ പ്രിയദർശിനിയിലാക്കി യാത്ര.

 

 ഇതോടെ തകർച്ചയുടെ വക്കിലാണ് സ്വകാര്യ ബസ്സ് മേഖല. വനിതാ യാത്രക്കാർ കുറഞ്ഞതോടെ പ്രതിദിനം 1000 രൂപ മുതൽ 5000 രൂപ വരെ വരുമാനം കുറവായ ബസ്സുകൾ ജില്ലയിലുൾപ്പടെ സർവ്വീസ് നടത്തുന്നുണ്ടെന്ന് ബസ്സ് ജീവനക്കാരും ഉടമകളും പറയുന്നു. വരുമാനം കുറഞ്ഞതോടെ ജീവനക്കാരുടെ ശമ്പളത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബസ്സുകളുടെ നിത്യ ചെലവുകളും ബുദ്ധിമുട്ടിലാണ്. ഗ്രാമീണ റൂട്ടുകളിലും പ്രധാന റൂട്ടുകളിലുമുൾപ്പടെ വനിതാ യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നു ബസ്സ് ജീവനക്കാർ പറഞ്ഞു. ഇപ്പോൾ വനിതാ യാത്രക്കാർ കൂടുതലായും കെഎസ്ആർടിസി ബസ്സിനെയാണ് ആശ്രയിക്കുന്നത്. കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പദ്ധതിയോട് സ്വകാര്യ ബസ്സ് സംഘടനകൾക്ക് എതിർപ്പില്ലെങ്കിലും പദ്ധതി വരുമാനം കുറവുള്ള സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥികൾക്കുമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നെങ്കിൽ ഉത്തമമായിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ ട്രിപ്പുകൾ വെട്ടിച്ചുരുക്കേണ്ടിയും സർവ്വീസ് നിർത്തി വയ്‌ക്കേണ്ടിയും വരുമെന്നും ഉടമകൾ പറയുന്നു. പലരും ഇപ്പോൾ സർവ്വീസ് നിർത്താത്തത് ലാഭമുള്ളതു കൊണ്ടല്ല മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഭയന്നാണ്.