കോട്ടയം: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു. പലചരക്ക്-പച്ചക്കറി-മത്സ്യ-മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ്. അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു.

വിപണിയിൽ പച്ചക്കറികൾക്കും മത്സ്യ-മാംസങ്ങളുടെ വിലയും ഉയർന്നു. ചില്ലറ വില്പനയിൽ അരി കിലോയ്ക്ക് 4 രൂപ വരെയും പാക്കറ്റ് അരികൾക്ക് 20 രൂപ വരെയും കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിട്ടുണ്ട്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ മീനുകളുടെ ലഭ്യത കുറഞ്ഞതോടെ വിലയും ഉയർന്നിട്ടുണ്ട്. ചെറു മീനുകളായ മത്തി,കിളി,അയല എന്നിവയ്ക്ക് 300 രൂപ മുതൽ 400 രൂപ വരെ വിപണിയിൽ വിലയുണ്ട്. വറ്റ,മോത തുടങ്ങിയ വലിയ പീസ് മീനുകൾക്ക് 600 രൂപ മുതൽ 800 രൂപ വരെയുണ്ട്. പച്ചക്കറികളുടെ വില വർധനവും വിഭിന്നമല്ല. ബീൻസിനും ക്യാരറ്റ്,ഉള്ളി എന്നിവയ്ക്ക് 100 രൂപയ്ക്കു മുകളിലും ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് 200 രൂപയ്ക്ക് മുകളിലുമാണ് വില. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. ഇറച്ചിക്കോഴിക്ക് 175 രൂപ വരെയായി. മുട്ടയ്ക്ക് 8 രൂപയും പോത്തിറച്ചിക്ക് 500 രൂപയ്ക്ക് മുകളിലും ചിലയിടങ്ങളിൽ വിപണിയിൽ വിലയുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള വിപണി ഇടപെടലുകളും കാര്യമായുണ്ടാകുന്നില്ല. വില വർധിച്ചതോടെ വ്യാപാരം കുറയാൻ തുടങ്ങിയതായി വ്യാപാരികൾ പറഞ്ഞു.
