പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മൂന്ന് വയസ്സ്!


പുതുപ്പള്ളി: ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ഉമ്മൻ ചാണ്ടിയുടെ വേർപാടിന് മൂന്ന് വയസ്സ്. ഇന്നും പുതുപ്പള്ളിക്കാരുടെയും കോട്ടയംകാരുടെയും മനസ്സുകളിൽ മാത്രമല്ല കേരളത്തിലെ ഓരോ ജനമനസ്സുകളിലും ഓർമ്മയിലുണ്ട് ഉമ്മൻ ചാണ്ടി.

 

 ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന്‌ ചാണ്ടി ഉമ്മ൯ എം.എല്‍.എ. അറിയിച്ചു. രാവിലെ 6.30-ന്‌ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഓർത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേക പ്രഭാത നമസ്കാരവും തുടര്‍ന്ന്‌ രാവിലെ 7-ന്‌ വിശുദ്ധ കുർബാനയും നടന്നു. കുർബാനയ്ക്ക് ശേഷം ഉമ്മ൯ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടന്നു. രാവിലെ 9-ന്‌ പുതുപള്ളി കോണ്ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മ൯ ചാണ്ടി ഫാണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പള്ളി സെന്റ്‌ ജോർജ്ജ് ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളി അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില്‍ സ്മൃതി സമ്മേളനവും ഫൊതുസമ്മേളനവും നടക്കും. എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷൻ നടപിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങില്‍ നടക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അഞ്ച്‌ കുടുംബങ്ങള്‍ക്ക്‌ നാല്‌ സെന്റ്‌ വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകള്‍ കൈമാറും. വിദ്യാഭ്യാസ രംഗത്ത്‌ മികവ്‌ പുലര്‍ത്തുന്ന 1,200 വിദ്യാർത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. കൂടാതെ പുതുള്ളി നിയോജക മണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപിക്കും. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന്‌ സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള്‍ക്ക്‌ സൈക്കിളുകള്‍, ക്രിക്കറ്റ്‌ കിറ്റുകള്‍, ഫുട്‌ബോളുകള്‍ എന്നിവ വിതരണം ചെയ്യും. കായിക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യക്ഷമായ ജീവിതശൈലിയും കൂട്ടായ്മയുടെ മനോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതോടൊപ്പം "സ്പോര്‍ട്സിലൂടെ ലഹരിയില്‍ നിന്ന്‌ മോചനം" എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ജൂലൈ 17, 18, 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ്‌ ടൂർണമെന്റും സംഘടിലിക്കുന്നുണ്ട്‌. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 79 വയസ്സായിരുന്നു. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. വിടവാങ്ങിയത് ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ സ്വന്തം നേതാവായിരുന്നു.