കോട്ടയം മെഡിക്കൽ കോളേജ് സ്കിൻ ബാങ്കിൽ ആദ്യ ചർമ്മദാനം! മരണത്തിലും മാതൃകയായി ആഷിഖ് വിജയൻ.


കോട്ടയം: കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് അഭിമാനകരമായ വീണ്ടുമൊരു ചരിത്ര നേട്ടം. കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി സജ്ജമാക്കിയ സ്കിൻ ബാങ്കിൽ ആദ്യ ചർമ്മദാനം നടന്നു.

 

 ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞ പത്തനംതിട്ട സ്വദേശിയായ ആഷിഖ് വിജയന്റെ (17) ചർമ്മമാണ് ബന്ധുക്കൾ ദാനം ചെയ്‍തത്. ജൂൺ 28-നുണ്ടായ അപകടത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ആഷിഖ് മരണത്തിനു കീഴടങ്ങിയത്. മകന്റെ വിയോഗത്തിന്റെ  ദുഃഖത്തിനിടയിലും ചർമ്മം ദാനം ചെയ്യാൻ അച്ഛൻ വിജയൻ സുകുമാരനും അമ്മ ജലജയും സഹോദരൻ അശ്വിനും കാട്ടിയ ആ വലിയ മനസ്സ് സമൂഹത്തിന് മുഴുവൻ മാതൃകയാണ്. കെ-സോട്ടോയുടെ അനുമതിയോടെ കോട്ടയത്ത് സ്കിൻ ബാങ്ക് ആരംഭിച്ച ശേഷമുള്ള ആദ്യത്തെ ദാനമാണിത്. കുടുംബത്തോട് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആദരവ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്കും, സ്‌കിൻ ട്രാൻസ് പ്ലാന്റും ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ അവയവദാനമാണിത്. പൊള്ളലേറ്റുണ്ടായ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും വാഹനാപകടങ്ങളിൽ പരിക്കേറ്റു ചർമ്മം നഷ്ടപ്പെടുന്നവർക്കും ഇത്തരം ചർമ്മദാനം അത്യന്താപേക്ഷിതമാണ്. ആശുപത്രി പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ്, സൂപ്രണ്ട് ഡോ ടിജി തോമസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.