കായകല്‍പ്പം കേരളത്തിന്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പ്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.


കോട്ടയം: കേരളത്തിന്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നടത്തുന്ന കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയം സി.എം.എസ്. കോളജില്‍ കോട്ടയം ജില്ലയിലെ കായല്‍പ്പം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 ആരോഗ്യരംഗത്ത് ഒരുപാട് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലോകത്തെ ഏതു കോണിലുമുണ്ടാകുന്ന പുതിയ രോഗങ്ങള്‍ കാലതാമസമില്ലാതെ നമ്മുടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇത്തരം പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ തക്കവിധം ആരോഗ്യവകുപ്പിനെ പര്യാപ്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണ്ടതുണ്ട്-സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ആധ്യക്ഷത വഹിച്ചു.  ജലവിഭവ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്,  ആന്റോ ആന്റണി എം പി, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണില്‍,  കെ. ബിനിമോന്‍, റോണി കെ. ബേബി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,  നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍  ഡോ. വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍  അനു എസ്. നായര്‍,  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. വൈശാഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ പൊതുജനാഭിപ്രായവും നിര്‍ദേശങ്ങളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്.