കോട്ടയം: നീറ്റ് പരീക്ഷ റദ്ധാക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെത്തുടർന്നു ആത്മഹത്യ ചെയ്ത പാലാ ബ്രില്യന്റ് അക്കാദമിയിലെ വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചു ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്.

 

 കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ മഹേഷ്‌ - രാധിക ദമ്പതികളുടെ മകൾ ഐജ ആർ മഹേഷ് (19) ആണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഐജയുടെ വീട് സന്ദർശിച്ച ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് നീതിക്കായി കുടുംബത്തിന് പിന്തുണയറിയിച്ചു. ഡല്‍ഹി സമരത്തിന്‍റെ നേതൃനിരയിലുണ്ടായ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം എംപിയെയും ജോണ്‍ ബ്രിട്ടാസ് എംപിയെയും വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു. ഇരുവരും ഐജയുടെ അമ്മ രാധികയോട് സംസാരിച്ചു. ദുഖത്തിൽ കൂടെയുണ്ടാവുമെന്നും കുടുംബത്തിനു വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തുമെന്നും  എംപിമാര്‍ ഉറപ്പ് നൽകി. കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ജൂൺ 2 ചൊവ്വാഴ്ചയാണ് സംഭവം. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐജയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും നടക്കാനിരിക്കെ പരീക്ഷാ തയ്യാറെടുപ്പിനായാണ് വിദ്യാർഥിനി 2026 മേയ് 26 ന് പാലായിൽ പരിശീലന കേന്ദ്രത്തിൽ എത്തിയത്. നീറ്റ് പരീക്ഷ റദ്ധാക്കിയതും വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതും വിദ്യാർത്ഥിനിയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചിരിക്കാം. പാലാ ബ്രില്ല്യന്റ് പോലെയുള്ള വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള നിരവധി വിദ്യാർത്ഥികൾകളെ പരീക്ഷകൾക്ക് തയ്യാറാക്കി മികച്ച മാർക്ക് നേടാൻ സഹായിച്ചിട്ടുള്ള സ്ഥാപനത്തിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.