കോട്ടയം: സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ.ടി.എം വിത്‌ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെട്ടതായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ട് ഉടമകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 9 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത് കൂടാതെ എ.ടി.എം വിത്‌ഡ്രോവൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ്, കുമരകം, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ 5 കേസുകളും രജിസ്റ്റർ ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായും തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു. പരിശോധനയിൽ പലരിൽ നിന്നായി മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പെൻഡ്രൈവ് എ.ടി.എം കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
