തീക്കോയി: കോട്ടയം തീക്കോയിയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. 22കാരിയായ അസം സ്വദേശിനി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ യുവതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ബന്ധപ്പെടുന്നത്. സഹായത്തിന് പകരമായി കുഞ്ഞിനെ നല്‍കണമെന്ന് പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി ഇവരുമായി തര്‍ക്കത്തിലായി. പത്ത് ദിവസത്തോളം യുവതിയെ തടങ്കലിൽ പാർപ്പിച്ചു. തുടര്‍ന്നാണ് ഇവരില്‍ നിന്നും രക്ഷപ്പെട്ട് അവർ സാന്ത്വനം കേന്ദ്രത്തിലെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരുമാസം മുന്‍പാണ് പ്രതികള്‍ ഈരാറ്റുപേട്ട തീക്കോയില്‍ എത്തുന്നത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന സംശയം പൊലീസിനുണ്ട്.. അറസ്റ്റിലായ രണ്ടുപേരും കുഞ്ഞുങ്ങളെ മറിച്ചു വിറ്റിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇത് സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് സൂചന. നവജാതശിശു വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും വലിയ രീതിയിലുള്ള അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. മൂന്നുലക്ഷം രൂപയാണ് സംഘം വാഗ്ദാനം ചെയ്തത്. ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നുവെന്ന് ആസാം സ്വദേശിനി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടാമത് ഗർഭിണിയായതിനെ തുടർന്ന് പരാതിക്കാരിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. അമ്മയും അച്ഛനും മരിച്ച യുവതിക്ക് ഭര്‍ത്താവ് മാത്രമായിരുന്നു തുണ. തുടര്‍ന്ന് യുവതി ഡൽഹിയിൽ കുറച്ചുനാൾ താമസിച്ചു അതിനുശേഷമാണ് സോഷ്യല്‍ മീഡിയ വഴി ഒരു ഷെൽറ്റർ ഹോം അന്വേഷിക്കുന്നത്. ഇതിനെ തുടർന്നാണ് സംഘം ഇവരെ കോൺടാക്ട് ചെയ്യുന്നത്. കേരളത്തിലേക്ക് വരൂ, ഇവിടെ സുരക്ഷിതമായി താമസിക്കാം എന്നു പറഞ്ഞ് യുവതിയെ കോട്ടയത്ത് എത്തിക്കുകയായിരുന്നു. കോട്ടയത്ത് എത്തിയതിന് ശേഷമാണ് പ്രസവവും കാര്യങ്ങളുമെല്ലാം കൃത്യമായി നടക്കും ശേഷം ആ കുഞ്ഞിനെ തങ്ങൾക്ക് തരണം എന്ന് സംഘം പറയുന്നത്. വിസമ്മതിച്ചതോടെ യുവതിയെ മർദ്ധിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിലവില്‍ കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഭയ കേന്ദ്രത്തിലാണ് യുവതിയുള്ളത്. വഴിയിൽ കരഞ്ഞു നില്‍ക്കുന്നതു കണ്ട് ഈരാറ്റുപേട്ട പൊലീസാണ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിലെത്തിക്കുന്നത്. അഭയ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ് പെണ്‍കുട്ടിയോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പൊലീസില്‍ അറിയിക്കുന്നത്. ആദ്യമായിട്ടാണ് യുവതി കേരളത്തില്‍ എത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
.png)