കോട്ടയം: ഒരു കാലഘട്ടത്തിന്റെ പേരാണ് വി എസ്, നമ്മോടൊപ്പം ഇല്ലെങ്കിലും, ആ ആശയവും പോരാട്ടവീര്യവും എന്നും നമ്മെ നയിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു.

സി പി ഐ എം കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാളിത്യമാർന്ന പ്രവർത്തനശൈലി പിന്തുടർന്നിരുന്ന വിഎസ് അച്യുതാനന്ദൻ എക്കാലത്തെയും പ്രിയങ്കരനായ നേതാവായിരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഉപബോധം വളർത്തിയെടുക്കുന്നതിൽ അച്യുതാനന്ദന്റെ പങ്ക് വളരെ വലുതായിരുന്നു. പ്രസ്ഥാനത്തോടും പൊതുജന സേവനത്തോടും അദ്ദേഹം കാണിച്ച അർപ്പണമനോഭാവം മാതൃകാപരമായിരുന്നു. സംഘടനാ പ്രവർത്തനരംഗത്ത് വലിയ പ്രചോദനമായ വ്യക്തിത്വങ്ങളിൽ ഒന്നുതന്നെയാണ് എനിക്ക് വിഎസ്. ചില പ്രവർത്തന മണ്ഡലങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുവാനും സാധിച്ചു എന്നുള്ളത് വളരെ അഭിമാനത്തോടെ ഓർക്കുന്നു. തന്റെ ഇല്ലായ്മകളോടും സമൂഹത്തിലെ തിന്മകളോടും ഒരേസമയം പടവെട്ടി ആയിരക്കണക്കിന് ആളുകളുടെ പ്രചോദനമാകുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളതിൽ സംശയമില്ല. കേരളത്തിൽ വിപ്ലവ നക്ഷത്രമായ വിഎസ് നമ്മെ വിട്ടു പോകുമ്പോൾ അദ്ദേഹത്തിന് വയസ്സ് 101 ആയിരുന്നു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ കേരളക്കര ചുടുകാട്ടിലേക്ക് ഒഴുകിയെത്തി.കേരളം സാക്ഷിയായ ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നായിരുന്നു അത് എന്നും വി എൻ വാസവൻ പറഞ്ഞു.
