കോട്ടയം: കോട്ടയത്ത് ആശുപത്രി നിർമ്മാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി നാട്ടുകാരുടെ പരാതിയിൽ അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം.

കോട്ടയം വിജയപുരം പഞ്ചായത്തിൽ വടവാതൂരിൽ ആറാം വാർഡിൽ നിർമ്മിക്കുന്ന ജെ കെ ആശുപത്രി നിർമാണത്തെ തുടർന്ന് പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സ് മലിനപ്പെടുന്നതായി നാട്ടുകാർ പരാതിപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാനായി ഇന്ന് സ്ഥലം സന്ദർശിച്ച വിജയപുരം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം ഉണ്ടാകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ഷൈനി വർക്കി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സിസി ബോബി, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി എന്നിവർക്കെതിരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. ആശുപത്രി നിർമ്മാണ കരാറുകാരനാണ് ഇവർക്കെതിരെ കയ്യേറ്റം നടത്തിയത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കരാറുകാരന്റെ ആക്രമണത്തിൽ പരിക്കേറ്റവർ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സന്ദർശിച്ചു. സ്ഥലത്ത് എത്തിയപ്പോൾ സഭ്യമല്ലാത്ത ഭാഷയാണ് കരാറുകാരൻ ഉപയോഗിച്ചതെന്നും യാത്രയൊരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നും വി ടി സോമൻകുട്ടി പറഞ്ഞു. നാട്ടുകാരുമായി പ്രശനങ്ങൾ ഉണ്ടാവുകയും ചെയ്തു. വർഷങ്ങളായി മുപ്പതോളം കുടുംബങ്ങൾ ഉൾപ്പെടുന്ന പ്രദേശവാസികൾ കുടിവെള്ളത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന ജലസ്രോതസ്സാണ് ഇതിനു തൊട്ടു മുൻപിൽ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ടു മലിനമായിക്കൊണ്ടിരിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തിയ അതിഥിതൊഴിലാളികൾ കുളിക്കുന്നതും അലക്കുന്നതുമുൾപ്പടെയുള്ള മലിനജലം പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സായ ഉറവച്ചാലിലൂടെയാണ് ഒഴുകിയെത്തുന്നത്. പ്രദേശത്തേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും തൊഴിലാളികളെ കൂട്ടി കരാറുകാരൻ തടയുകയായിരുന്നു എന്നും വി ടി സോമൻകുട്ടി പറഞ്ഞു. കുടിവെള്ള സ്രോതസ്സ് മലിനപ്പെടുന്നതുമായി ബന്ധപ്പെട്ട വിജയപുരം പഞ്ചായത്ത് ഓഫീസിനു മുൻപിൽ ജനകീയ സമരസമിതിയുടെ ജനകീയ പ്രതിഷേധ സമരം നടന്നിരുന്നു. പരിസ്ഥിതി പേടിക്കാതെയുള്ള ജെ കെ ആശുപത്രി നിർമ്മാണം നിർത്തി വെക്കണമെന്നും ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
