ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങി, യുവാവ് രണ്ട് മാസം അനുഭവിച്ചത് നരകയാതന,വേദന സഹിക്കാനാകാഞ്ഞതോടെ മുറിവിനുള്ളിൽ നിന്നും സൂചി സ്വന്തമായ


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ വീഴ്ചയെന്ന് പരാതി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങിയാതായി യുവാവിന്റെ പരാതി.

 

 പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി ഉൾപ്പെടെയാണ് തുന്നി ചേർത്തു ഡ്രസ്സിങ് നടത്തി വിട്ടതെന്നാണ് യുവാവിന്റെ പരാതി. ഏപ്രിൽ 11നാണ് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കാലിൽ ആയിരുന്നു ശസ്ത്രക്രിയ. മുറിവിന്റെ ഡ്രസിങ് അടൂർ ജനറൽ ആശുപത്രിയിൽ നടത്തണമെന്ന നിർദേശവും മെഡിക്കൽ കോളജിലെ ഡോക്ടർമാർ നൽകിയിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെ മുറിവിൽ നിന്നും അതികഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ഈ മാസം 10-ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയ്ക്കിടെ സബിൻ ഡോക്റ്ററോട് ഇക്കാര്യം അറിയിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്തില്ലെന്നും പറയുന്നു. മുറിവിൽ ഉയർന്നുനിന്ന ഭാഗം ശസ്ത്രക്രിയയിലെ തുന്നലിന്റെ ഭാഗമാണെന്നാണ് കരുതിയിരുന്നത് എന്ന് സബിൻ പറഞ്ഞു. വേദന കൂടിയതോടെ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഡോക്ടർക്ക് മുറിവിനുള്ളിൽ എന്തോ ഉള്ളതായി സംശയത്തെ തോന്നിയതിനെ തുടർന്ന് എക്‌സ്-റേ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഡോക്ടറെ കാണാൻ കഴിയാതെ വീട്ടിലേയ്ക്ക് മടങ്ങിയ സബിൻ വീടിനും മുറിവിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മുറിവിൽ പരോശോധന നടത്തിയപ്പോൾ സൂചിയുടെ നീല നിറത്തിലുള്ള ഭാഗം തള്ളി നിൽക്കുന്നതായി കാണുകയായിരുന്നു. തുടർന്ന് മുറിവിൽ അമർത്തിപ്പിടിച്ചു സൂചി സ്വയം വലിച്ചെടുത്തുവെന്നാണ് പറയുന്നത്. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് ഔദ്യോഗിക പരാതി നൽകുമെന്നും സബിൻ പറഞ്ഞു.