കോട്ടയം: സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപിച്ചു എം ജി സർവകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധ മാർച്ച് സർവ്വകലാശാലാ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മാർച്ചിൽ പ്രവർത്തകർ വി സിയുടെ കോലം കത്തിച്ചു. പ്രതിഷേധം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉത്‌ഘാടനം ചെയ്തു. സർവ്വകലാശാലകളെ സംഘപരിവാർ ഫാസിസത്തിന്റെ പരീക്ഷണശാലകളാക്കുന്ന ഗവർണ്ണറുടെ നയങ്ങൾക്ക് എതിരെയും മറ്റു വിവിധ വിഷയങ്ങൾ ഉന്നയിച്ചും ആണ് കെ.എസ്.യു എം ജി യൂണിവേഴ്സിറ്റി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരളത്തിലെ സർവകലാശാലകളുടെ കാവിവത്കരണം അത്യന്തം അപകടകരമാണെന്നും വർഗീയതയും വിഭാഗീയതയും പ്രചരിപ്പിക്കുന്ന ആർഎസ്എസിന്റെ സ്തുതിപാടകർ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നത് കേരള സമൂഹത്തിന് തന്നെ അപമാനമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
