ആശങ്കയിൽ ആശ്വാസം! എബോള ഭീതി ഒഴിഞ്ഞു: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്! ആശുപത്രി വിട്ടു.


കോട്ടയം: എബോള രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു.

 

 പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് നടപടി. എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആയതോടെ സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ അമ്പത്തിരണ്ട് വയസ്സുകാരിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായിരുന്ന ഇവരെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമായത്.