കോട്ടയം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ.

ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു. 2014-ന് ശേഷം ഇന്ത്യയിൽ എന്താണ് നടക്കുന്നത്? ബിജെപിയെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുടെ എല്ലാവരുടെയും വീട്ടുപടിക്കൽ ഇഡി എത്തും. ഇത് യാദൃശ്ചികമല്ല. കമ്മ്യൂണിസ്റ്റുകാരെ ഇഡിയെ കാട്ടി പേടിപ്പിക്കാമെന്ന് മോഹിക്കണ്ട. അടിയന്തരാവസ്ഥയെയും, അർധ ഫാസിസ്റ്റ് ഭീകരതയെയും നേരിട്ട പാരമ്പര്യമാണ്. ജയിലും കേസും കണ്ട് ഭയന്ന് പിന്മാറുന്ന പ്രസ്ഥാനമല്ല സിപിഐഎം എന്നും വി എൻ വാസവൻ പറഞ്ഞു. കിഫ്ബിയിലും ലൈഫ് മിഷനിലും മാസപ്പടിയിലും ഒന്നും കണ്ടെത്താൻ കഴിയാതെ ഉരുണ്ടുകളിച്ച ഏജൻസികൾ ഇപ്പോൾ പുതിയ നാടകവുമായി ഇറങ്ങിയിരിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയ വേട്ടയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കും. ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഈ ഫാസിസ്റ്റ് നടപടികളെ ചെറുത്തു തോൽപ്പിക്കും എന്നും വി എൻ വാസവൻ പറഞ്ഞു.
