കോട്ടയം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും വേനൽ മഴ ശക്തമാകുന്നു. കനത്ത ചൂടിനാശ്വാസമായി കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയാണ് ലഭിച്ചത്.

ഇടിമിന്നലോട് കൂടിയ മഴയും അതിശക്തമായ കാറ്റും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാശം വിതയ്ക്കുകയും ചെയ്തിരുന്നു. മിന്നലിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ മെയ് പതിനൊന്നോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി മേയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
