ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മണിമല സ്വദേശിയായ എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയെ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി.

ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആൻ്റണി (21)യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജിലെ മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹപാഠികൾ നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാ സേനയിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെത്തെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കും. വിവരമറിഞ്ഞു മണിമലയിൽ നിന്നും ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുൻപും ഇവിടെ കുളിക്കാനിറങ്ങിയ മംഗലം സ്വദേശിയായ ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരണപ്പെട്ടിരുന്നു.
