അന്തർസംസ്ഥാന അവയവദാന തട്ടിപ്പ്: വ്യാജരേഖ നിർമിച്ച് അവയവ വിൽപ്പന നടത്തിയ കേസിൽ കോട്ടയം സ്വദേശിനിയായ യുവതി അറസ്റ്റിൽ.


കോട്ടയം: അന്തർസംസ്ഥാന അവയവദാന തട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. വ്യാജരേഖ നിർമിച്ച് അവയവ വിൽപ്പന നടത്തിയ കേസിൽ കോട്ടയം സ്വദേശിനിയാണ് അറസ്റ്റിലായത്.

 

 കോട്ടയം വാഴൂർ പുളിക്കക്കവല വളയിൽ വീട്ടിൽ മായ (49) ആണ്  പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കൊച്ചി അമ്പലമേട് പോലീസ് ആണ് മായയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 10.15-ഓടെ വാഴൂർ ഭാഗത്തുവെച്ചാണ് ഇവരെ പിടികൂടിയത്. നേരത്തേ പിടിയിലായ പ്രതികളിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. നജീബിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് കേസിൽ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി. മായയ്ക്ക് ഒന്നാം പ്രതി നജീബുമായി അടുത്ത ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് വൃക്ക ആവശ്യപ്പെട്ട് എത്തിയയാൾക്ക് വേണ്ടിയാണ് മായാ വ്യാജ രേഖകൾ നിർമ്മിച്ചത്. ഇയാൾ സ്വന്തം സഹോദരനാണെന്ന് വരുത്തി തീർക്കുന്നതിനായി മായയുടെ കുടുംബത്തിന്റെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കി. ഇതിലൂടെ റേഷൻ കാർഡിൽ പേര് ചേർത്ത ശേഷമാണ് അവയവദാനത്തിനുള്ള അനുമതി നേടുന്നതിനായി ജില്ലാ ലെവൽ ഓതറൈസേഷൻ കമ്മിറ്റിക്ക് മുൻപിൽ ഇവർ വ്യാജ രേഖകൾ സമർപ്പിച്ചത്. ഇവർ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തിയിരുന്നു. മുഖ്യപ്രതി നജീബ് വഴി മായ വൻ തുക കൈപ്പറ്റിയതിന്റെ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തെളിവുകളും പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. റിമാൻഡിലുള്ള മുഹമ്മദ് നജീബിനെയും ഭാര്യ റഷീദയെയും വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. നജീബിന്റെ നേതൃത്വത്തിലുള്ള അവയവ വിൽപ്പന റാക്കറ്റ് അഞ്ചുവർഷമായി സജീവമായിരുന്നതായാണ് കണ്ടെത്തൽ. ഇതുവരെ നാല്പതോളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി സർക്കാർ രേഖകൾ ചമയ്ക്കൽ, സാമ്പത്തിക ലാഭത്തിനായി സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് യുവതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ കല്ലട്ര സ്വദേശി നജീബും ഭാര്യ റഷീദയും, വ്യാജരേഖകൾ നിർമ്മിക്കാൻ എല്ലാവിധ സാങ്കേതിക സഹായങ്ങളും ചെയ്ത കുന്നത്തുനാട് പള്ളിക്കര സ്വദേശി സണ്ണിയും ഭാര്യ സിനിയും,നജീബിന്റെ ഡയറിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ നിന്നും പിടിയിലായ ഇടനിലക്കാരൻ എന്നിവരെയാണ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. നജീബിന്റെ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ പെരിങ്ങാല, കുന്നത്തുനാട് പ്രദേശത്തെ ഫ്ലാറ്റിൽനിന്ന് വ്യാജമുദ്രകൾ, കൃത്രിമരേഖകൾ, വ്യാജ ലെറ്റർപാഡുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവയുടെ പരിശോധന നടന്നുവരുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന സംഘടിത അവയവക്കടത്ത് സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.