കോട്ടയം: കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു.

 

 ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത്. കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ്‌ ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം 90 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 58 പേർക്ക്‌ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേർക്ക്‌ എലിപ്പനിയും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.