കോട്ടയം: ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് ആകെ 126 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 54 മേശകളുണ്ട്. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകൾ എണ്ണുന്നതിന് ഓരോ ടേബിളുകൾ വീതമാണുള്ളത്.

സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സർവീസ് വോട്ടർമാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലുടെ ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്ന ഓരോ മേശയിലും മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ് എന്നിവരുണ്ടാകും. തപാൽ വോട്ടുകൾ എണ്ണുന്നതിന് ഓരോ മേശയിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്ററുമാർ എന്നിവരാണുണ്ടാവുക. സ്ഥാനാർഥികൾക്ക് ഒരു മേശയിൽ ഒരാൾ എന്ന ക്രമത്തിൽ ഏജൻറുമാരെ നിയോഗിക്കാം. റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് പതിപ്പിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ. വോട്ടെണ്ണൽ നടക്കുന്ന എല്ലാ മേശകളും കാണത്തക്ക രീതിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിംഗ് സ്റ്റേഷനുകളിലെ വി.വി. പാറ്റ് സ്ലിപ്പുകളാണ് എണ്ണുക. നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകൾ തെരഞ്ഞെടുക്കുക.
