കോട്ടയത്ത് താപനില കുതിച്ചുയരുന്നു, വെന്തുരുകി ജില്ല, യു വി ഇന്ഡക്സ് തോത് ഉയർന്നു, ജില്ലയിൽ ഓറഞ്ച് അലേർട്ട്! അതീവ ജാഗ്രത പാലിക്കണം.


കോട്ടയം:  കോട്ടയത്ത് അന്തരീക്ഷ താപനില കുതിച്ചുയരുന്നു. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജില്ലയിൽ ചൂട് അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിനോടൊപ്പം ജില്ലയിലെ അൾട്രാവയലറ്റ് സൂചികയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ചങ്ങനാശ്ശേരിയിലെ സ്റ്റേഷനിൽ രേഖപ്പെടുത്തിയ യു വി ഇന്ഡക്സ് സൂചിക 9 ആണ്.

 

 തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും ചൂട് കൂടുതലാണ്. കോട്ടയത്ത് പകൽ താപനില 36 ഡിഗ്രി പിന്നിട്ടു. ചൂട് കൂടുന്നത് സൂര്യാഘാതത്തിനും മറ്റു ആരോഗ്യ പ്രശനങ്ങൾക്കും കാരണമായേക്കും. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വേനൽ മഴ ലഭിച്ചെങ്കിലും പകൽ ചൂടിന്റെ കാഠിന്യം കുറയുന്നില്ല. പകൽ സമയം ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാം വിധം ഉയർന്നു തന്നെ നിൽക്കുകയാണ്. സംസ്ഥാനത്ത് 7 ജില്ലകളിലാണ് യു വി തോത് അപകടകരമാം വിധം ഉയർന്നു നിൽക്കുന്നത്. അൾട്രാവയലറ്റ് സൂചിക ഉയർന്നു നിൽക്കുന്ന പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്  ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.