കടുത്ത ചൂട്; കോട്ടയത്ത് പത്ത് വയസ് പ്രായമുള്ള പശു ചത്തു.


കോട്ടയം: കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ​ഗർഭിണിയായ പശു ചത്തു. കോട്ടയം വെച്ചൂർ കൊടുതുരുത്ത് സ്വദേശി ഇളംതുരുത്തിൽ മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള പശുവാണ് ചത്തത്.

 

 പതിമൂന്നു ലീറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ്. ഇന്നലെ സന്ധ്യയ്ക്ക് മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിൽ വിറച്ചു വീഴുകയായിരുന്നു. കഴിഞ്ഞ മാസവും മാർട്ടിൻ്റെ മറ്റൊരു കറവപശുവും ചത്തിരുന്നു. കനത്ത ചൂടാണ് മേഖലയിൽ. സൂര്യാഘാതമാകാം പശുവിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പകൽ പശു അസ്വസ്ഥതകൾ പ്രകടിപ്പിച്ചതായി മാർട്ടിൻ പറഞ്ഞു. ഇവിടെ പത്തിലധികം പശുക്കളെ മാർട്ടിൻ വളർത്തുന്നുണ്ട്. ജില്ലയിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ വൈക്കത്ത് വീട്ടമ്മയ്ക് സൂര്യതപം ഏറ്റിരുന്നു.