കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ബ്ലോക്കിൽ മൂന്നു ദിവസമായി തുടരുന്ന ജലക്ഷാമം പരിഹരിച്ചു. പുതുതായി ഉത്‌ഘാടനം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ വെള്ളം ലഭ്യമാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശസ്ത്രക്രിയകൾ മുടങ്ങി.

രണ്ട് ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന ഏകദേശം അൻപതോളം ശസ്ത്രക്രിയകൾ ആണ് വെള്ളമില്ലാഞ്ഞതിനെ തുടർന്ന് മുടങ്ങിയത്. സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകള്‍ തകരാറില്‍ ആയതാണ് കാരണം. പമ്പുകള്‍ നന്നാക്കാനുള്ള പണികള്‍ ആരംഭിച്ചു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ എട്ടാം നിലയിലാണ് വാട്ടര്‍ ടാങ്കുകള്‍ ഉള്ളത്. ടാങ്കറുകളിൽ വെള്ളം എത്തിച്ചു ആശുപത്രിയിലെ വാട്ടര്‍ ടാങ്കുകളിൽ അടിസ്ഥാന ആവശ്യങ്ങൾക്കായി വെള്ളം നിറയ്ക്കുന്നുണ്ട്.

ഇതിനായി അഗ്നിരക്ഷാ സേനയുടെ സഹായവും തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ 7 മണിയോടെ ശസ്ത്രക്രിയകൾക്കായി രോഗബാധിതരെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയെങ്കിലും ഉച്ചയോടെ പുറത്തിറക്കുകയായിരുന്നു. വെള്ളം ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ നടക്കില്ല എന്നാണു അധികൃതർ അറിയിച്ചത്. നിരവധി രോഗബാധിതരുടെ ബന്ധുക്കളാണ് പ്രതിഷേധം അറിയിച്ചത്. ഞായറാഴ്ച മുതൽ വെള്ളത്തിനു പ്രശ്‌നം ഉണ്ടായിരുന്നു. ഇത് മുൻകൂട്ടി അറിയിച്ചില്ല എന്നും ചോദിച്ചപ്പോൾ വെള്ളം വരും എന്നാണു പറഞ്ഞുകൊണ്ടിരുന്നത് എന്നും രോഗികൾക്കൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. ജലക്ഷാമം പരിഹരിച്ചതായും ശസ്ത്രക്രിയകൾ നാളെ മുതൽ ആരംഭിക്കും എന്നും സൂപ്രണ്ട് ഡോ.ജയകുമാർ പറഞ്ഞു. മോട്ടോറുകളുടെ തകരാർ പരിഹരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
