കോട്ടയം മണർകാട് അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി, തർക്കത്തിനിടെ തലയ്‌ക്കേറ്റ അടിയാകാ


മണർകാട്: കോട്ടയം മണർകാട് അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരി (65) ആണു മരിച്ചത്. തർക്കത്തിനിടെ തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു.

 

 സംഭവത്തിൽ നട്ടാശേരി സ്വദേശി, നൊങ്ങലിൽ വാടകയ്ക്കു താമസിക്കുന്ന പൂവത്തിൻകിഴക്കേതിൽ എബി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. മണർകാട് കുഴിപ്പുരയിടത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിയോടെയാണ് സംഭവം. എബിയുടെ ഭാര്യയുടെ വീടിന്റെ മുറ്റത്തും പരിസരത്തുമാണ് സിസിടിവി സ്ഥാപിച്ചത്. എന്നാൽ ഇത് തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങൾ പകർത്തുമെന്നു ആരോപിച്ചു ശാന്തകുമാരിയും മകളും കൊച്ചുമകളും എത്തി ബഹളം വെക്കുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാകാം ശാന്തകുമാരിക്ക് തലയ്ക്ക് അടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവീട്ടുകാരും തമ്മിൽ വഴി സംബന്ധമായ പ്രശനങ്ങളും നിലനിന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. മണർകാട് പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Next
This is the most recent post.
Previous
Older Post