കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ലഭിച്ചില്ലെന്ന് പരാതി, വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിനി മരിച്ചു, പരാതിയുമായി ബന്ധുക


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ലഭിച്ചില്ലെന്ന് പരാതി. വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണപ്പെട്ട ഇടുക്കി സ്വദേശിനിയുടെ ബന്ധുക്കളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46)യാണ് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 27 നാണു മേരികുളം കൂരമ്പാറയ്ക്ക് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആൻസിക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 






















തലയ്ക്കും നട്ടെല്ലിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് പിന്നാലെ ഈ മാസം 6 നു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയായിരുന്നു. നട്ടെല്ലിന് പറിക്കുള്ളതിനാൽ പൂർണ്ണമായ റെസ്റ്റ് വേണമെന്നും എന്തെങ്കിലും ആരോഗ്യപരമായ അസ്വസ്ഥതകളുണ്ടായാൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ വേദനയും ഛർദ്ദി ഉണ്ടായതോടെ ബുധനാഴ്ച രാവിലെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച ശേഷം ടെസ്റ്റുകൾ നടത്തിയതല്ലാതെ മരുന്നുകളൊന്നും നൽകിയില്ലെന്നും വേദന കൂടിയതോടെ ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റുകയായിരുന്നു എന്നും ആൻസിയുടെ ബന്ധുക്കൾ പറഞ്ഞു. ട്രിപ്പ് ഇടാനുള്ള സൗകര്യമോ കിടക്കാൻ ബെഡ്ഡോ വാർഡിൽ ലഭിച്ചില്ല എന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. താത്കാലികമായി സൗകര്യങ്ങൾ ഒരുക്കിയെങ്കിലും വേദനയും അസ്വസ്ഥതകളും കുറഞ്ഞില്ല. തുടർന്ന് ചികിത്സയിൽ താമസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാം എന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഡിസ്ചാർജിന് എഴുതി നൽകിയാലേ വിടാൻ സാധിക്കൂ എന്ന് പറഞ്ഞതിന്റെ പ്രകാരം എഴുതി നൽകിയ ശേഷമാണ് ആന്സിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തുടര്ചികിത്സകൾക്കായി കോട്ടയത്തു നിന്നും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ബന്ധുക്കൾ സ്വയം ഡിസ്ചാർജ് എഴുതിവാങ്ങി കൊണ്ടുപോയതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. മതിയായ ചികിത്സ കിട്ടാത്തതുസംബന്ധിച്ച പരാതി കിട്ടിയിട്ടില്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചു. അലൻ, ആൽവിൻ എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് 3 മണിക്ക് ഫാദേഴ്സ് ഹൗസ് ഓഫ് ചപ്പാത്ത് പള്ളിയുടെ ഹെവൻവാലിയിലെ ശ്മശാനത്തിൽ നടക്കും.