കോട്ടയം: കൊടും ചൂടിൽ വെന്തുരുകി വിയർത്തു കുളിക്കുന്ന കോട്ടയം. ജില്ലയിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ താപനില 38 °C വരെയും കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂർ ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ 36°C വരെയും സാധാരണയെക്കാൾ 3 മുതൽ 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ താപനില ഉയരുന്നത് കണക്കിലെടുത്തു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ പകൽ താപനില വർധിച്ചു വരികയാണ്. പകൽ പുറത്തിറങ്ങാൻ കഴിയാത്ത വിധമുള്ള ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. രാത്രിയിലെ ചൂടും അസ്വസ്ഥതയുളവാക്കുന്നതാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജിലാ ഭരണകൂടം അറിയിച്ചു.
