ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ. ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ 'തൊമ്മിച്ചൻ'.

കഴിഞ്ഞയാഴ്ചയാണ് സംഭവം. പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക് ശ്രദ്ധിക്കുന്നത്. നോക്കിയപ്പോൾ കണ്ട കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഫണം വിടർത്തി നിൽക്കുന്ന വലിയ മൂർഖൻ പാമ്പ്. ഞൊടിയിടയിൽ വളർത്തുനായ തൊമ്മിച്ചൻ ഓടിയെത്തി മൂർഖനെ കടിച്ചു കുടഞ്ഞു. വീടിനുള്ളിലേക്കും വളർത്തുമൃഗങ്ങളുടെ കൂട്ടിലേക്കും പാമ്പ് ഇഴഞ്ഞുപോകാതെ മറ്റുള്ള വളർത്തു നായ്ക്കൾ വട്ടം ചുറ്റി നിന്നു. പാമ്പുമായുള്ള കടിപിടിക്കിടയിൽ തൊമ്മിച്ചന്റെ മുഖത്ത് കടിയേറ്റിരുന്നു. എന്നിട്ടും വിട്ടുകൊടുക്കാൻ തൊമ്മിച്ചൻ തയ്യാറായില്ല. വീണ്ടും പാമ്പിനടുത്തേക്ക് നീങ്ങി മറ്റുള്ള വളർത്തുനായ്ക്കൾക്ക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ഒടുക്കം പാമ്പിനെ കടിച്ചു കൊല്ലുകയും ചെയ്തു. അമ്മിണി ജേക്കബ്, മകൾ ജിൻസി റെജി, ജിൻസിയുടെ ഭർത്താവ് റെജി ഏബ്രഹാം, മകൻ ജോബിൻ ജേക്കബ് ഏബ്രഹാം എന്നിവരാണ് വീട്ടിലുള്ളത്. തൊമ്മിച്ചൻ ഉൾപ്പെടെ നാടൻ ഇനത്തിൽപെട്ട 6 നായ്ക്കളാണ് വീട്ടിലുള്ളത്. ഒപ്പം ആടുകളും ഇവർക്കുണ്ട്. ഇവരുടെയെല്ലാം ജീവൻ രക്ഷിച്ച തൊമ്മിച്ചൻ ഇപ്പോൾ നാട്ടിലെ സ്റ്റാറായി മാറിയിരിക്കുകയാണ്. ആദ്യം പരിക്ക് കാണാഞ്ഞതിനാൽ പാമ്പിന്റെ കടിയേറ്റ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് വായിൽനിന്നു നുരയും പതയും വരുന്നത് കണ്ടാണ് വീട്ടുകാർക്ക് മനസ്സിലായത്. ഉടനെ തന്നെ സമീപത്തെ മൃഗാശുപത്രിയിൽ അന്വേഷിച്ചെങ്കിലും ആന്റിവെനം ലഭ്യമല്ലായിരുന്നു. കോട്ടയത്തുമായുള്ള സർക്കാർ മൃഗാശുപത്രികളിൽ ബന്ധപ്പെട്ടെങ്കിലും ഒരിടത്തും ആന്റിവെനം ലഭ്യമല്ലായിരുന്നു. പിന്നീട് രാത്രി മൂലവട്ടം മുപ്പായിക്കാട്ടെ സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചാണ് കുത്തിവെയ്പ്പ് എടുത്തത്. തൊമ്മിച്ചന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
