യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അപസ്മാരം, സമയോചിത ഇടപെടലിൽ ഏഴുവയസ്സുകാരിക്ക് രക്ഷകരായി സ്വകാര്യ ബസ്സ് ജീവനക്കാരും കാരിത്താസ് ആശുപത്രിയും.


കോട്ടയം: യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അപസ്മാരമുണ്ടായപ്പോൾ സമയോചിത ഇടപെടലിൽ ഏഴുവയസ്സുകാരിക്ക് രക്ഷകരായി മാറി സ്വകാര്യ ബസ്സ് ജീവനക്കാരും കോട്ടയം ഏറ്റുമാനൂർ തെള്ളകം കാരിത്താസ് ആശുപത്രിയും.

 

 കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്ക്കിടെ പെൺകുട്ടിക്ക് അപസ്മാരമുണ്ടാകുകയായിരുന്നു. പെൺകുട്ടി അബോധാവസ്ഥയിലായതോടെ പരിഭ്രാന്തരായ ബന്ധുക്കൾക്കും യാത്രക്കാർക്കിടയിൽ നിന്നും ഒട്ടും സമയം പാഴാക്കാതെ സ്വകാര്യ ബസ് ജീവനക്കാർ വാഹനം ആശുപത്രിയിലേക്ക് തിരിച്ചു വിട്ടു. മറ്റ് സ്റ്റോപ്പുകളിൽ നിർത്താതെ അതിവേഗം ആശുപത്രി മുറ്റത്തെത്തിയ ബസ്സിൽ നിന്നും മെഡിക്കൽ സംഘം ഉടൻ തന്നെ കുട്ടിയെ ഏറ്റെടുത്ത് അടിയന്തര ചികിത്സ നൽകി. നിശ്ചിത സമയത്തിനുള്ളിൽ വിദഗ്ദ്ധ പരിചരണം ലഭ്യമാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്തെ കരുതൽ ഒരു കുരുന്നു ജീവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.