കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നും ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ജനവിധി തേടും. കോട്ടയത്ത് തുടർച്ചയായ നാലാം തവണയാണ് തിരുവഞ്ചൂർ മത്സരിക്കുന്നത്.

കഴിഞ്ഞ മൂന്നു തവണയും തെരഞ്ഞെടുപ്പിൽ മത്സരിച്ച കാലയളവിൽ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചാണ് തിരുവഞ്ചൂർ വിജയിച്ചു കയറിയത്. കോട്ടയത്തെ വികസന നേട്ടങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പിൽ ആയുധമാക്കാനൊരുങ്ങുമ്പോൾ കോട്ടയത്ത് വികസന മുരടിപ്പാണെന്നു സിപിഎം പറയുന്നു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആകാശപ്പാത ഇതിനുദാഹരണമാണെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ ആകാശ പാതയുടേതടക്കം പണി മന:പൂർവ്വം സ്തംഭിപ്പിച്ച് വികസനം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സിപിഎം ആണെന്ന് കോൺഗ്രസ്സ് പറയുന്നു. ശബരിമല വിഷയവും ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധമാക്കിയേക്കും. 2011 മുതൽ കോട്ടയം നിയോജകമണ്ഡലത്തിൽ എംഎൽഎ ആണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. 2011 ൽ വി എൻ വാസവനെയാണ് കോട്ടയത്ത് തിരുവഞ്ചൂർ പരാജയപ്പെടുത്തിയത്. 2016ൽ റജി സഖറിയയെയും 2021ൽ അഡ്വ.കെ അനിൽകുമാറിനെയും പരാജയപ്പെടുത്തി. ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സാരഥി അഡ്വ.കെ .അനിൽകുമാർ തന്നെയാണ് കോട്ടയത്ത് മത്സരിക്കുന്നത്. കോട്ടയത്ത് സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് നിലപാടിലായിരുന്നു സുരേഷ് കുറുപ്പ്.

