കോട്ടയം: കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാംവിധം ഉയരുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ അൾട്രാവയലറ്റ് സൂചിക 8 ൽ എത്തി.

മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം ഉൾപ്പടെ 4 ജില്ലകളിലാണ് യു വി ഇൻഡക്സ് അപകടകരമാംവിധം ഉയർന്നു നിൽക്കുന്നത്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലാണ് അൾട്രാവയലറ്റ് സൂചിക ഉയർന്നു നിൽക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
