കോട്ടയം: ആവിയെടുത്തും വിയർത്തു കുളിച്ചും പാടുപെട്ട വേനൽ ചൂടിനാശ്വാസമായി എത്തിയ വേനൽ മഴയിൽ ജില്ലയ്ക്കാശ്വാസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിൽ തുടരുന്ന വേനൽ മഴയിൽ മലയോര മേഖലകളുൾപ്പടെ തളിർത്തു തുടങ്ങി.

ഉയർന്നു നിന്നിരുന്ന പകൽ ചൂടിന് തെല്ലൊരു ആശ്വാസമായിരുന്നു വേനൽ മഴ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ രണ്ടാമതാണ് നമ്മുടെ കോട്ടയം. ശക്തമായ വേനൽ മഴയാണ് ജില്ലയിൽ ലഭിച്ചത്. ഫെബ്രുവരിയിൽ മാത്രം 65 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട ശൈത്യകാല മഴയും അധികം ലഭിച്ചു. 140 ശതമാനം അധികമഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമാണ് ജില്ലയിൽ ലഭിച്ചത്. ഫെബ്രുവരി പകുതിയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തിന്റെ ഫലമായാണ് ശക്തമായ മഴ ലഭിച്ചത്. ഫെബ്രുവരിയിൽ ന്യുനമര്ദം രൂപപ്പെടുന്നത് വളരെ അപൂര്വമാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

