കോട്ടയം: ദൈവീക അനുഗ്രഹത്തിന്റെ ആത്മീയസുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ സഭാ ചരിത്രത്തിലെ പതിനൊന്നാം ദിവ്യമൂറോൻ കൂദാശ നിർവഹിച്ച് മലങ്കരസഭ. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയിലാണ് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ പവിത്രമായ ശുശ്രൂഷ പൂർത്തീകരിച്ചത്.

സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ അംഗങ്ങളായ എത്യോപ്യൻ, എറിത്രിയൻ സഭകളുടെയും റഷ്യൻ ഓർത്തഡോക്സ് സഭയുടെയും മെത്രാപ്പോലീത്താമാർ ചടങ്ങിൽ സംബന്ധിച്ചു. അരമനയിൽ പുലർച്ചെ 4.30ന് രാത്രി നമസ്ക്കാരവും പ്രഭാതനമസ്ക്കാരവും നടന്നു. 6.45ന് മുഖ്യകാർമ്മികനായ കാതോലിക്കാ ബാവായെ അരമന ചാപ്പലിലേക്ക് ഘോഷയാത്രയായി ആനയിച്ചു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ശുശ്രൂഷ സംവിധാനത്തിന് നേതൃത്വം നൽകി. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ അർക്കദിയാക്കോൻ സ്ഥാനം വഹിച്ചു. മലങ്കരമൽപ്പാൻ ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ ശുശ്രൂഷയെ സംബന്ധിച്ചുളള വിശദീകരണം നടത്തി. വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ.ജേക്കബ് കുര്യൻ മുഖ്യസന്ദേശം നൽകി. റവ.ഡോ.എം.പി.ജോർജ് കോർ എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിച്ചു. ദിവ്യമൂറോൻ ആഘോഷത്തിന് ശേഷം കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ മൂറോൻ പകർന്ന കുപ്പി വിശ്വാസികൾ ചുംബിച്ച് വണങ്ങിയതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. സഭാധ്യക്ഷപദവിലെത്തിയ ശേഷം കാതോലിക്കാ ബാവാ മുഖ്യകാർമ്മികനാകുന്ന ആദ്യ മൂറോൻ കൂദാശയാണിത്. മലങ്കരയിലെ മൂറോൻ ചരിത്രത്തിന് 150 വയസ് പൂർത്തിയാകുന്ന വേളയിലാണ് ഇക്കുറിയിലെ ശുശ്രൂഷ എന്നതും പ്രത്യേകതയായി. 1876 -ൽ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിലാണ് മലങ്കരസഭയിൽ ആദ്യമായി മൂറോൻ വിശുദ്ധീകരണം നടന്നത്. തുടർന്ന് പഴയസെമിനാരിയിലും, ദേവലോലത്തും പല പതിറ്റാണ്ടുകളിൽ കൂദാശ നടന്നു. അഞ്ചാം തവണയും അതിവിശുദ്ധ ശുശ്രൂഷയ്ക്ക് വേദിയായതോടെ മലങ്കരസഭയിൽ ഏറ്റവും കൂടുതൽ തവണ മൂറോൻ കൂദാശ നടന്ന ഇടമായി ദേവലോകം മാറി.
