കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാനാകാത്ത വിധം അഴുകി, ഫ്രീസർ ഓൺ ചെയ്തിരുന്നില്ലെന്ന് ബന്ധുക്കളുടെ പരാതി,


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാനാകാത്ത വിധം അഴുകി ദുർഗന്ധം വമിക്കുന്നതായി ബന്ധുക്കളുടെ പരാതി.

 

 കഴിഞ്ഞ ദിവസം മണിമലയിൽ ആത്മഹത്യ ചെയ്‍ത യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം വെച്ചിരുന്ന ഫ്രീസർ ഓൺ ചെയ്യാൻ ജീവനക്കാർ മറന്നതാണ് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. രാവിലെ എത്തിയ ബന്ധുക്കൾ കണ്ടത് തിരിച്ചറിയാനാകാത്ത വിധം അഴുകി ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ്. ബന്ധുക്കളും ഗ്രാമപഞ്ചായത്ത് അംഗവും സ്ഥലത്തെത്തി. ഫ്രീസർ ഓൺ ചെയ്യാൻ മറന്നതല്ലെന്നും രാത്രിയിലെപ്പോഴോ കേടായിപ്പോയതാകാമെന്നുമാണ് ജീവനക്കാർ പറയുന്നത്. മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ ബന്ധുക്കൾക്ക് പ്രതിഷേധമുണ്ട്. സംഭവത്തിൽ ഉന്നതാധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Next
This is the most recent post.
Previous
Older Post