ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തി.


ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

 

 ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.വി. തോമസ് എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമാണ് വില്ലേജ് ഓഫീസുകൾ എന്നും ദിനംപ്രതി നൂറുകണക്കിന് പേർ വന്നു പോകുന്നയിടമാണ് എന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതടക്കം വലിയ പോരായ്മകൾ നില നിന്നിരുന്നു. എന്നാൽ ഇതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുകയാണ് സംസ്ഥാന സർക്കാർ. മെച്ചപ്പെട്ട കെട്ടിടം, ശുചിത്വമുളള ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സ്മാർട്ട് വില്ലേജ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാർട്ടാക്കി ഉയർത്തി പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.