ജില്ലയിലെ ആദ്യ സപ്ലൈകോ സിഗ്നേച്ചര്‍ മാര്‍ട്ട് ഉദ്ഘാടനം വെള്ളിയാഴ്ച.


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചര്‍ മാര്‍ട്ട് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.

 

 വെള്ളിയാഴ്ച രാവിലെ പത്തിന് തിരുനക്കരയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണം- തുറമുഖം- ദേവസ്വം  വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ സപ്ലൈകോയുടെ രണ്ടാമത്തെ സിഗ്നേച്ചര്‍ മാര്‍ട്ടാണ് കോട്ടയത്ത് ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം സര്‍ക്കാര്‍ വിപണിയിലൂടെ ലഭ്യമാക്കുകയെന്നതാണ് സിഗ്നേച്ചര്‍ മാര്‍ട്ടിന്റെ ലക്ഷ്യം. പ്രമുഖ കോര്‍പ്പറേറ്റ് റീട്ടെയില്‍ ശൃംഖലകള്‍ക്ക് സമാനമായ സൗകര്യങ്ങളോടൊപ്പം സബ്സിഡി സാധനങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. കോട്ടയം തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് സിഗ്നേച്ചര്‍ മാര്‍ട്ടായി ഉയര്‍ത്തിയത്. ഡെവണ്‍, കിച്ചന്‍ ട്രഷേഴ്സ്, വിപ്രോ എന്നിവരുടെ സഹകരണത്തോടെയാണ് സിഗ്നേച്ചര്‍ മാര്‍ട്ട്  സപ്ലൈകോ യാഥാര്‍ഥ്യമാക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ ആദ്യ വില്‍പന നിര്‍വഹിക്കും. എം.പി. മാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, നടന്‍ ഇര്‍ഷാദ് അലി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, സപ്ലൈകോ ചെയര്‍മാന്‍ എം.ജി. രാജമാണിക്യം, മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ജയശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,  വിപ്രോ, കിച്ചന്‍ ട്രഷേഴ്സ്, ഡെവണ്‍ എന്നീ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.