മണിമല മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു, വറ്റിവരണ്ടു മണിമലയാർ, ജലവിതരണ പദ്ധതികൾ പേരിൽ മാത്രം, അമിത വിലനൽകി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിൽ നാട്ടുകാർ


മണിമല: വേനൽ കടുത്തതോടെ കോട്ടയം ജില്ലയുടെ മലയോര മേഖലകൾ വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു. മണിമല ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.

 

 നിരവധി ശുദ്ധജല വിതരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇവയെല്ലാം ഇപ്പോൾ നിലച്ചിരിക്കുകയാണ്. പദ്ധതികൾ പേരിൽ മാത്രം ഒതുങ്ങിയപ്പോൾ നാട്ടുകാർ വെള്ളത്തിനായി പരക്കം പായുകയാണ്. വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. മേഖലയിലെ ഭൂരിഭാഗം പേരും വെള്ളം അമിത വില നൽകി വാങ്ങുകയാണ് ചെയ്യുന്നത്. ഒരു ടാങ്ക് വെള്ളത്തിനു 1000 രൂപ മുതൽ നൽകണം. വെള്ളമെത്തിക്കാനായി ദൂരം കൂടുതലാണെകിൽ തുകയും കൂടും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴല്കിണറുകൾ ഉണ്ടെങ്കിലും ഇവയിലൊന്നും വെള്ളമില്ലാത്തതും ഉപയോഗശൂന്യമായതുമാണ്. ചാരുവേലിയിലെ അഞ്ചാനിക്കുളം കുടിവെള്ള പദ്ധതി, ആലപ്രയിലെ വട്ടുകുന്നാംമല പദ്ധതി, മുക്കടയിലെ വിലാസിനിക്കുന്ന് പദ്ധതി എന്നിവ പേരുകളിൽ മാത്രം ഒതുങ്ങി. ചൂട് കൂടിയതോടെ മണിമലയാറും വരൾച്ചയുടെ പിടിയിലായിരിക്കുകയാണ്‌. പലയിടങ്ങളിലും ഇടമുറിഞ്ഞാണ് ഒഴുകുന്നത്. ചെക്ക് ഡാം ഉള്ള മേഖലകളിൽ മാത്രമാണ് വെള്ളം ഇപ്പോൾ ഉള്ളത്.