ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും ഇന്ന്.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും ഇന്ന്. ഇന്ന് രാത്രി 12 മണിക്കാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു 

 

 ഉത്സവനാളുകൾ ആഘോഷമാക്കുകയാണ് ഏറ്റുമാനൂർ. നാടും നഗരവും ഒരേ മനസ്സോടെ, ഭക്തിയിലും വിശ്വാസത്തിലും ഒരേപോലെ കൊണ്ടാടുന്ന ഉത്സവ ദിനങ്ങളാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഓരോ ഉത്സവകാലവും. കുംഭമാസത്തിൽ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയും ഉത്സവവും. കുംഭത്തിലെ ചതയം ദിനത്തില്‍ കൊടിയേറുന്ന ഏറ്റുമാനൂർ ഉത്സവത്തിന്‍റെ ആറാട്ട് തിരുവാതിര ദിനത്തിൽ ആണ് നടക്കുന്നത്. എട്ടാമത്തെ ഉത്സവദിവസമായ വെളുത്ത പക്ഷത്തിലെ രോഹിണി ദിനത്തിൽ അര്‍ധരാത്രിയിലാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റുമാനൂരപ്പന്‍റെ സന്നിധിയിലെ ഏഴരപ്പൊന്നാനകളെ കാണുന്നതിനോളം സാഫല്യവും പുണ്യവും മറ്റൊന്നിനും നല്കുവാൻ സാധിക്കില്ല. എട്ടാം ഉത്സവദിനത്തിൽ രാത്രി 12 മണി മുതല്‍ ദര്‍ശനം സാധ്യമാകും. ആറാട്ട് ദിനം വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകം, കുമുദം, അഞ്ജന, പുഷ്പദന്തൻ, സുപ്രതീകൻ, സാർവഭൗമൻ, വാമനൻ എന്നിവരെ പ്രതിനിധീകരിക്കുന്നവരാണ് ഏഴരപ്പൊന്നാനകൾ എന്നാണ് വിശ്വാസം. വർഷത്തിൽ കുംഭമാസത്തിലെ രോഹിണി ദിനത്തിൽ മാത്രമാണ് ഏഴരപ്പൊന്നാനകളെ ദർശിച്ച് പ്രാർത്ഥിക്കുവാനുള്ള അവസരം വിശ്വാസികൾക്കുള്ളത്. ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പിനും തുടർന്നുള്ള ആറാട്ടിനും മാത്രമായാണ് ഏഴരപ്പൊന്നാനകളെ പുറത്തെടുക്കുന്നത്. ഇത് ദർശിക്കുവാനും കാണിക്ക സമർപ്പണം നടത്തുവാനുമായും വിശ്വാസികൾ ഇവിടേക്ക് വരുന്നു. സകല ദേവന്മാരും ഈ സമയത്ത് ഇവിടെ എഴുന്നള്ളുമെന്നാണ് വിശ്വാസം. പ്രസിദ്ധമായ ആസ്ഥാനമണ്ഡപ ദർശനം നടക്കുന്നതും ഈ സമയത്ത് തന്നെയാണ്.