സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി ‘മാറ്റൊലി 2026’ സംഘടിപ്പിച്ചു.


കോട്ടയം: സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സാമൂഹ്യ-നിയമ അവബോധം വർധിപ്പിക്കുന്നതിനായി നിയമ വകുപ്പിന്റെ നേതൃത്വത്തിൽ ‘മാറ്റൊലി 2026’ എന്ന ബോധവൽക്കരണ പരിപാടി ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു.

 

 സ്ത്രീസുരക്ഷ, അവകാശബോധം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അറിവ് കൈവരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് നിർവഹിച്ചു. അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, നിയമ സെക്രട്ടറി കെ. ജി. സനൽകുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ പ്രകാശ് ബി. നായർ, അസിസ്റ്റന്റ് ലീഗൽ ഓഫീസർ ശ്രീമതി ആലീസ് കെ. പി എന്നിവർ പങ്കെടുത്തു. ബോധവൽക്കരണ ക്ലാസുകൾ രണ്ട് സെക്ഷനുകളിലായി നടന്നു. ആദ്യ സെക്ഷനിൽ “ഇന്ത്യൻ ഭരണഘടനയും പുതിയ ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം” എന്ന വിഷയത്തിൽ അഡ്വ. ഭുവനേന്ദ്രൻ നായർ വി ക്ലാസ് നയിച്ചു. രണ്ടാം സെക്ഷനിൽ “സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക്” എന്ന വിഷയത്തിൽ അഡീഷണൽ നിയമ സെക്രട്ടറി (Rtd) കെ. പ്രസാദ് ക്ലാസ് അവതരിപ്പിച്ചു. നൂറോളം കുടുംബശ്രീ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തുന്ന ഇത്തരം സാമൂഹ്യ–നിയമ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിൽ നിയമ അവബോധം വർധിപ്പിക്കുന്ന പ്രധാന വേദികളാണ്. സ്ത്രീസുരക്ഷ, വിദ്യാഭ്യാസ അവകാശം, ലിംഗസമത്വം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ ധാരണ നൽകുന്നതിലൂടെ വ്യക്തികൾക്ക് സ്വന്തം അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയാൻ സഹായകമാകുന്നു. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരാനും സ്ത്രീകളുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കാനുംഇത്തരം പരിപാടികൾ ശ്രദ്ധേയമാണ്.