കടുത്തുരുത്തി ടൗൺ ബൈപ്പാസ്: പ്രഥമ ടാറിംഗ് ജോലികൾക്ക് നാളെ തുടക്കം കുറിക്കും.


കടുത്തുരുത്തി: കോട്ടയം-എറണാകുളം മെയിൻ റോഡിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ പ്രഥമ ടാറിംഗ് ജോലികൾക്ക് നാളെ തുടക്കം കുറിക്കാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 

 ബൈപ്പാസ് റോഡിന്റെ ടാറിംഗിന് മുന്നോടിയായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് നടപ്പാക്കാനുള്ള ബിറ്റുമിൻ മെക്കാഡം ടാറിംഗ് ജോലികളാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്. മഴ മൂലമുള്ള ബുദ്ധിമുട്ടുകളോ തടസങ്ങളോ ഉണ്ടാവാത്ത പക്ഷം ആദ്യഘട്ടത്തിലുള്ള ബി.എം ടാറിംഗ് ജോലികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ തുടർച്ചയായി മാർച്ച് 15-ന് മുമ്പ് രണ്ടാം ഘട്ടത്തിലുള്ള ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.