സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത കുറയുന്നു, സാധാരണയിലും താപനില 4 ഡിഗ്രി സെൽഷ്യസ് ഉയർന്നു, കോട്ടയം ഉൾപ്പടെ 5 ജില്ലകളിൽ ചൂട് അസഹനീയം.


ഏറ്റുമാനൂർ: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത കുറയുന്നതായി കാലാവസ്ഥാ പഠനങ്ങൾ. വേനൽ മഴ ലഭിക്കേണ്ട സമയത്ത് നിലവിൽ മഴയുടെ അളവ് കുറവാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായ വേനൽ മഴയും ലഭിക്കുന്നില്ല.

 

 ചൂട് ഉയർന്നതോടെ പ്രതിദിന താപനില സാധാരണയിലും 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നുണ്ട്. കോട്ടയം ഉൾപ്പടെ 5 ജില്ലകളിൽ ചൂട് അസഹനീയമായി തുടരുകയാണ്. പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. അതേസമയം പുലർച്ചെ തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ രാത്രി താപനില കൂടുതലാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ഇതിനോടകംതന്നെ വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു. നദികളും തോടുകളും വരൾച്ചയുടെ പിടിയിലാണ്. മലയോര മേഖലകളിൽ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തു പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിലാണ് ഇപ്പോഴുള്ളത്. മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോട്ടയത്ത് 36.6 ഡിഗ്രി താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.