പാലായിലെ വാഹനാപകടം: നാടിന്റെ പ്രാർത്ഥനകൾ വിഫലമാക്കി ശ്രീനാഥിന് പിന്നാലെ സഹോദരി ശ്രീലക്ഷ്മിയും മരണത്തിനു കീഴടങ്ങി.


പാലാ: നാടിന്റെ പ്രാർത്ഥനകൾ വിഫലമാക്കി ശ്രീനാഥിന് പിന്നാലെ സഹോദരി ശ്രീലക്ഷ്മിയും മരണത്തിനു കീഴടങ്ങി. പാലാ കടപ്പാട്ടൂർ ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്.

 

 അപകടത്തിൽ സഹോദരൻ കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീനാഥ് എൻ.എസ് (22) മരണപ്പെട്ടിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മി(27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടം സംഭവിച്ചയുടനെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഏപ്രിൽ 2 ന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്. കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയാണ് ശ്രീലക്ഷ്മി. പരേതനായ ഹരിക്കുട്ടൻ, ശ്രീജ ദമ്പതികളുടെ മക്കളാണ് ഇരുവരും. കാഞ്ഞിരപ്പള്ളി പുൽപ്പൽ ടെക്സ്റ്റിൽസിലെ ജീവനക്കാരിയാണ് ശ്രീജ. നാടിനു എപ്പോഴും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. അപകടവാർത്ത ഞെട്ടലോടെയാണ് ചേനപ്പാടി ഗ്രാമം കേട്ടത്.