ഹൃദയങ്ങളിൽ ആലിൻ, മരണത്തെ തോല്‍പ്പിച്ച കുഞ്ഞു മാലാഖയ്ക്ക് വിടചൊല്ലാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ.


കോട്ടയം: അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയാകുന്ന ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴിയേകാൻ നാട്. പത്തനംതിട്ട മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലിൽ രാവിലെ ഏഴോടെ പ്രാർത്ഥന ചടങ്ങുകള്‍ ആരംഭിച്ചു.

 

 ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥന ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിന് പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. നിറകണ്ണുകളോടെയാണ് അവസാനമായി ആലിനെ ഒരു നോക്ക് കാണുവാൻ വീട്ടിലേക്കെത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിലാണ് പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർഥന ശുശ്രൂഷകൾ നടക്കും. മൂന്ന് മണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിലേക്ക് കൊണ്ടും. നാല് മണിയോടെ പള്ളിയിലെ പ്രർഥനകൾക്കുംശേഷം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിൽ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങുന്നത്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് പത്ത് മാസം മാത്രം പ്രായമായ ആലിൻ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. 

ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ